Followers

Wednesday 1 January 2014

കവിത - 377










 
                      

 

    

 

                       377

                                                                                                    by വിജിത് വിജയന്‍
ഓഗസ്റ്റ്‌ പതിനാലിന്‍റെ രാത്രിയും ഇരുട്ടിലാണ്.
ഇറയത്തെ ചാരുകസേരയില്‍ കാലും നീട്ടി
പാതിതിന്ന പുസ്തകവും നെഞ്ചില്‍ ചേര്‍ത്ത്
പ്രണയിനിയുടെ മഞ്ജീര ശിഞ്ജിതതാളത്തില്‍
പഴംപാട്ടും പാടി തമ്പ്രാനുറങ്ങാനുണര്‍ന്നിരിക്കെ
മുള്ളുവേലിക്കമ്പിയാലരഞ്ഞാണമണിഞ്ഞ
വെള്ളരിമാവിന്‍ ചോട്ടില്‍, കൈകൂപ്പി
നിന്നവരിരുവരും നീട്ടി വിളിച്ചു - 'തമ്പ്രാ...........'.

വടികൊണ്ടടിയേറ്റു മുറിഞ്ഞ പുറംതല
കാട്ടുനായ്‌ക്കടിയേറ്റ കൈത്തല
തുണിയുരിഞ്ഞാരോ വരഞ്ഞ പുള്ളിക്കല
കൈകൂപ്പി നിന്നവരിരുവരും നീട്ടി വിളിച്ചു -
'തമ്പ്രാ......................'.

ആളെ നിങ്ങളറിയും, അതുറപ്പാണ്
കോലപ്പനും, വേലപ്പനും.
മീശയ്ക്കു മേലെ മീശ വച്ച് സ്നേഹിച്ചവര്‍
മീന്‍വേട്ട ക്ഷീണമൊഴിയുവാന്‍
പുഴക്കാറ്റിന്‍ കുളിര്‍ത്തടങ്ങളില്‍
കെട്ടിപ്പിടിച്ചു കിടന്നവര്‍.
ഇന്നലെ, 
പകലിന്‍റെ നാട്ടുകൂട്ട വിചാരണയില്‍
നഗ്നരായി നിന്നവര്‍
മുന്നൂറ്റിയെഴുപത്തിയേഴാം പിഴ പിഴച്ചവര്‍

നാവുനീട്ടി തമ്പ്രാന്‍ തുള്ളി
മച്ചിലോളിപ്പിച്ച വാളൂരിയവറ്റകളെ വെട്ടി
വെട്ടുമുറിവിന്‍റെ പുളച്ചിലിന് മുളകുപൊടിയേകി
നിയമമെന്നും സംസ്കാരമെന്നും പ്രകൃതിയെന്നും
വെളിപാടു ചൊല്ലി

അനന്തരം
മുന്നൂറ്റിയെഴുപത്തിയേഴാം തീര്‍പ്പിന്‍റെ
ഉത്തമാഹ്ലാദചിത്ത ശാന്തതയില്‍
‍പ്രണയിനിയുടെ മഞ്ജീര ശിഞ്ജിതതാളത്തില്‍ 
പഴംപാട്ടും പാടി തമ്പ്രാനുറങ്ങാനൊരുങ്ങി

മുന്നൂറ്റിയെഴുപത്തിയേഴിന്‍റെ
ലക്ഷ്മണരേഖ കടന്നപ്പുറമെത്തുവാന്‍
കോലപ്പനും വേലപ്പനും വീണ്ടും നീട്ടിവിളിച്ചു
'തമ്പ്രാ........................................................'.

 

8 comments:

  1. Nice poem.... Good flow of words :)

    ReplyDelete
  2. കലക്കി... ആ മുള്ള് വേലി ഉടന്‍ പൊളിച്ചു മാറ്റും.. അവര്‍ക്കും നീതി ലഭിക്കും..

    ReplyDelete
  3. നോ കമന്റ്സ്

    ReplyDelete
  4. സത്യത്തിൽ എന്താ സംഭവിച്ചത്
    അക്ഷര മറിയാത്ത ഞാൻ വീണ്ടും ഇവിടെ തോല്ക്കുന്നു

    ReplyDelete
    Replies
    1. http://en.wikipedia.org/wiki/Section_377_of_the_Indian_Penal_Code

      Delete
  5. ശിക്ഷ നല്കലോ നിയമനിർമ്മാണമോ പ്രായോഗികമാണ് തോന്നുന്നില്ല. വേണ്ടത് കൃത്യമായ കൗൺസലിംഗും ചികിത്സയുമാണ്.

    ReplyDelete
  6. തമ്പ്രാ...........................?

    ReplyDelete